മരുതൂർ ചരിത്രത്തിലൂടെ
വടമ പാമ്പുമേയ്ക്കാട്ട് കുടുംമ്പത്തിലെ രണ്ടു ജ്യേഷ്ഠാനുജന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി.
അവരിലൊരാൾ ഇല്ലത്തുനിന്ന് പോന്ന് ആലുവ ഉളിയന്നൂരിലുള്ള മരുതൂർ എന്ന ഇല്ലത്ത് എത്തിച്ചേർന്നു.
അവിടെ അന്ന് ഒരു അമ്മയും ഒരു പെൺകിടാവും മാത്രമേ ഉണ്ടായിരുന്നുള്ളു.
ആ പെൺകിടാവിനെ അദ്ദേഹം വിവാഹം ചെയ്തു. അവിടെ താമസമാക്കി. ആ ഇല്ലത്തെ പരദേവത ഉളിയന്നൂർ
ഗണപതിയായിരുന്നു. കൂടാതെ ശാസ്താവും ഉണ്ടായിരുന്നു. പിൽക്കാലത്ത് ഇല്ലം പുതുക്കി പണിതു.
എന്നാൽ ഏതോ കാരണവശാൽ എല്ലാം അഗ്നിക്കിരയായി.
അവിടെ നിന്ന് മരുതൂർ ഇല്ലക്കാർ മുപ്പത്തടം കൈനിക്കരയിലേയ്ക്ക് താമസം മാറ്റി. മരുതൂർ ഇല്ലം
വകയായി ഏകദേശം മുപ്പത് ഏക്കറോളം ഭൂമി ആലുവ തെക്കേ വാഴക്കളത്തിലുണ്ടായിരുന്നു.
ഈ വസ്തുക്കൾ ഭൂപരിഷ്‌ക്കരണ നിയമപ്രകാരം അന്യാധിനപ്പെട്ടുപോയി.
കൈനിക്കര ശ്രികൃഷ്ണസ്വാമി ക്ഷേത്രം അന്ന് തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു.
തിരുവിതാംകൂർ മഹാരാജാവ് ആലുവയിൽ എഴുന്നള്ളിയ സമയത്ത് ഈ ക്ഷേത്ര കൊട്ടാരത്തിൽ വിശ്രമിച്ചതായി
കേട്ടിട്ടുണ്ട്. തിരുവിതാകൂർ മഹാരാജാവിന്റെ സഭാംഗമായിരുന്നൂ അങ്കമാലി ചെങ്ങമ്മനാട്ടുള്ള പട്ടാപ്പ നമ്പൂതിരി.
അദ്ദേഹമായിരുന്നു കൈനിക്കര ക്ഷേത്രഭരണം നടത്തിയിരുന്നത്
അക്കാലത്ത് മുവ്വായിരത്തൽപ്പരം നെല്ല് പാട്ടം കിട്ടുന്ന ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നു. ആറു വർഷം
കൂടുമ്പോഴുള്ള ഓത്തൂട്ട് ആയിരുന്നു ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ എല്ലാമാസത്തിലും
നവമി ഊട്ടും ഉണ്ടായിരുന്നു. ഈ ക്ഷേത്ര പരിസരത്ത് മുപ്പതോളം ഋഗ്വേദികൾ ഉണ്ടായിരുന്നത്രേ.
അതുകൊണ്ടാണ് ഈ സ്ഥലത്തിന് മുപ്പത്തടം എന്ന പേരുണ്ടായത്.
യജുർവേദമാണ് നവമി ഊട്ടിന് ജപിക്കാറുള്ളത്. കാലക്രമേണ ഇവിടത്തെ ബ്രാഹ്മണരിൽ ഏറിയ പങ്കും ഈ പ്രദേശം ഉപേക്ഷിച്ചുപോയി.
ഓത്തൂട്ട് നടത്തുന്നതിന് പടപ്പ നമ്പൂതിരിയ്ക്ക് ബുദ്ധിമുട്ടായി. അന്ന് കൈനിക്കരയിൽ അവശേഷിച്ച മരുതൂർ,
കുന്നംപറമ്പ്, തൊട്ടാശ്ശേരി, മംഗലം, പെരുമറ്റം, ആലുവ മറ്റപ്പിള്ളി മുതലായ കുടുമ്പക്കാർക്ക് ക്ഷേത്ര ഭരണം
പട്ടാപ്പ നമ്പൂതിരി കൈമാറി. എല്ലാവരും ചേർന്ന് ക്ഷേത്രഭരണവും ഓത്തൂട്ടും നടത്തി വന്നു.
കാലം പിന്നെയും മുന്നോട്ടുപോയപ്പോൾ മംഗലം ഇല്ലത്തെ വസ്തുവകകളും എല്ലാ അവകാശങ്ങളും
നെടുമ്പിളിയിൽ നിക്ഷിപ്തമായി. അതു മുതൽ നെടുമ്പിള്ളിയും ക്ഷേത്ര ഊരായ്മക്കാരിൽ ഒരാളായി മാറി.
വീണ്ടും നിരവധി സംവത്സരങ്ങൾ പിന്നിട്ടപ്പോൾ മരുതൂർ ഇല്ലം കൊച്ചുകടവിലേയ്ക്ക് മാറി താമസമാക്കി.
അവിടെ ഇല്ലം പണിതു. കെട്ടിടം പണിയാനാവശ്യമായ മരങ്ങൾ പൂഞ്ഞാർ രാജാവ് പുഴയിലൂടെ
അയച്ചുകൊടുത്തതായി കേട്ടിട്ടുണ്ട്.
ഉളിയന്നൂർ ശാസ്താവിനെ കൊച്ചുകടവിൽ പ്രതിഷ്ഠിക്കുകയുണ്ടായി.
നൂറ്റെട്ട് ദുഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ഉളിയന്നൂർ ദുർഗ്ഗാക്ഷേത്രം പൂർണ്ണമായി നശിച്ചുപോയിരുന്നു. ആ ഭഗവതിയെ
ആവാഹിച്ച് മരുതൂർ ഇല്ലത്തേയ്ക്ക് കൊണ്ടുപോന്നു. ഇന്ന് ശാസ്താവിനും ഭഗവതിയ്ക്കും ക്ഷേത്രവും പൂജയും
ഉണ്ട്.
കാലം പിന്നെയും മുന്നോട്ട് ഉരുളുകയാണ്...............
കൊച്ചുകടവിലെ തറവാടും വസ്തുക്കളും അന്യാധിനപെട്ടതെല്ലാം അധികം പഴയതല്ലാത്ത ചരിത്രമാണ്................
പിന്നിടങ്ങോട്ടുള്ള കഥകൾ തലമുറകളിലൂടെ അറിയാവുന്നതാണ്.